കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നീന്തല്‍ പരീക്ഷ; സര്‍ട്ടിഫിക്കറ്റിനായി  നൂറ്കണക്കിന് വിദ്യാര്‍ഥികള്‍; പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 04:39 PM  |  

Last Updated: 18th August 2021 04:43 PM  |   A+A-   |  

swimming_test

നീന്തല്‍പ്പരീക്ഷയ്ക്കായി എത്തിയവരുടെ തിരക്ക് /ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മലപ്പുറത്തും കോഴിക്കോടും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പ്പരീക്ഷ. പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കിനുള്ള സര്‍ട്ടിഫിക്കറ്റിനായാണ്‌ പരീക്ഷ. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 

സംസ്ഥാനത്ത് തന്നെ മലപ്പുറത്താണ് കോവിഡ് കേസുകള്‍ ഏറ്റവും അധികം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറത്ത് കളക്ടറുടെ ഓഫീസിന് തൊട്ടടുത്ത് വച്ചായിരുന്നു നീന്തല്‍പ്പരീക്ഷ. രാവിലെ മുതല്‍  നൂറ്കണക്കിന് വിദ്യാര്‍ഥികളാണ് നീന്തല്‍പ്പരീക്ഷയ്ക്കായി എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു നീന്തല്‍ സെലക്ഷന്‍. 
 
കോഴിക്കോട് നടന്ന നീന്തല്‍ സെലക്ഷനിലും നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ജില്ലാ സ്‌പോണ്‍സ്  കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കാവിലായിരുന്നു പരിപാടി. 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 25 രൂപയുമായി സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ഥികള്‍ നീന്തിക്കാണിക്കുന്ന പക്ഷം സ്വിമ്മിങ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അറിയിച്ചിരുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ടരവരെയും വൈകുന്നേരം മൂന്ന മണി മുതല്‍ 5 മണിവരെയുമായിരുന്നു നീന്തല്‍പ്പരീക്ഷ. 

നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പ്രവേശനത്തിന്  ഗ്രേസ് മാര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു നല്‍കിയത്. എന്നാല്‍ ഇത് സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ വഴി നല്‍കുന്നതായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയതാണ് വലിയ ആള്‍ക്കൂട്ടമാവാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ കൂടിയതറിഞ്ഞ്  കെ.എസ്.യു പ്രതിഷധവുമായി എത്തി.