നീണ്ട പേടിസ്വപ്‌നത്തിന് അവസാനം;  കോടതിക്ക് നന്ദി: പ്രതികരണവുമായി തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 02:41 PM  |  

Last Updated: 18th August 2021 02:41 PM  |   A+A-   |  

Tharoor reading

ശശി തരൂർ/ ഫയൽ

 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയതില്‍ കോടതിക്ക് നന്ദിയെന്ന് ശശി തരൂര്‍ എംപി. ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമാണെന്ന് തതൂര്‍ പ്രതികരിച്ചു. ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്. 

കുറ്റവിമുക്തനാക്കിയ വിധിയില്‍ കോടതിയോട് നന്ദി പറയുന്നു. മുന്‍ഭാര്യ സുനന്ദയുടെ മരണത്തിന് പിന്നാലെ തന്നെ ചുറ്റിപ്പറ്റി ഉയര്‍ന്ന നീണ്ട പേടിസ്വപ്നത്തിന് അവസാനമായിരിക്കുന്നു. നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ക്ഷമയോടെ നേരിട്ടു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിര്‍ത്തിയെന്നും തരൂര്‍ പ്രതികരിച്ചു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിന് എതിരെ കുറ്റം ചുമത്താന്‍ വേണ്ടത്ര തെളിവില്ലെന്ന് കാണിച്ചാണ് ഡല്‍ഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച കോടതി, ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ തള്ളുകയായിരുന്നു. 

കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. ഇതു കോടതി അംംഗീകരിച്ചില്ല. സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്. മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ വാദം.

സുനന്ദയുടേത് ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലും പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നാണ് തരൂരിന്റെ വാദം.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് പൊലീസ് നിഗമനത്തിലെത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തത്.