40 ശതമാനം വരെ ഡിസ്‌കൗണ്ട് ; പായസം മിക്‌സ് മുതല്‍ ശര്‍ക്കരവരട്ടി വരെ ; കുടുംബശ്രീ ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവ് ഇന്നുമുതല്‍

ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കുടുംബശ്രീയുടെ ഓണക്കാല ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ ഷോപ്പിങ് ഉത്സവ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.kudumbashreebazar.com വഴി 'ഓണം ഉത്സവ്' എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് ഉത്സവം ആരംഭിക്കുന്നത്. 31 വരെ നടക്കുന്ന മേള വഴി ഓണസദ്യയൊരുക്കാനുള്ള പായസം മിക്‌സും ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ കുടുംബശ്രീയുടെ മുഴുവന്‍ ഉല്‍പന്നങ്ങളും ലഭിക്കും. 

എല്ലാ ഉല്‍പന്നങ്ങള്‍ക്കും കുടുംബശ്രീ നല്‍കുന്ന 10 ശതമാനവും സംരംഭകര്‍ നല്‍കുന്നതും കൂടി ചേര്‍ത്ത് 40% വരെ ഡിസ്‌കൗണ്ട്  ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1000 രൂപയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ഉണ്ട്. ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിക്കും. 

വിവിധ ചിപ്‌സ്, ശര്‍ക്കരവരട്ടി, അച്ചാറുകള്‍, ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്‌ക്വാഷ്, കശുവണ്ടി, വാളന്‍പുളി, സോപ്പ്, ലോഷന്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ പോര്‍ട്ടലില്‍ ലഭ്യമാകും. ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ മേഖലയിലെ സംരംഭകരുടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളായ കൂവപ്പൊടി, ചെറുതേന്‍, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നിന്നുളള തേന്‍, റാഗി, ചോളം, തിന, വരഗ് കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, അതിരപ്പളളിയില്‍ നിന്നുള്ള കാപ്പിപ്പൊടി, തേന്‍, വരഗ്, കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേര്‍ന്ന അച്ചാര്‍ എന്നീ ഉല്‍പന്നങ്ങളും ലഭ്യമാകും. 

തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പുമായും സഹകരിച്ചു ആയിരത്തോളം ഓണം വിപണന മേളകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മേളകള്‍ ഉത്രാടദിനം വരെ നടക്കും. സപ്ലൈകോയുടെ 359 ഔട്ട്‌ലെറ്റുകള്‍, കുടുംബശ്രീയുടെ 1020 നാനോ മാര്‍ക്കറ്റുകള്‍, 11 കുടുംബശ്രീ ബസാറുകള്‍, 13 ഷോപ്പീ ഔട്ട്‌ലെറ്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ കിയോസ്‌കുകള്‍ എന്നിവ വഴിയും ഉല്‍പന്നങ്ങള്‍ ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com