16 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്, 88,000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 07:59 AM  |  

Last Updated: 19th August 2021 07:59 AM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ. 88,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം  കുന്നുകുഴി ഗുണ്ടുകാട് കോളനിയില്‍ അരുണിനെ (30) ആണ് പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 

പിഴ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. കൂടാതെ, ഇരയ്ക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണം.  2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പ്രതി സമീപത്തെ ചായ്പ്പില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയും 17 ക്രിമിനല്‍ കേസിലെ പ്രതിയുമാണ് അരുണ്‍ എന്ന് പൊലീസ് പറഞ്ഞു.