ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയേക്കും ; നവകേരള മിഷനിലേക്ക് ടി എന്‍ സീമയും പരിഗണനയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 07:47 AM  |  

Last Updated: 19th August 2021 07:47 AM  |   A+A-   |  

seema and cherian philip

ടി എന്‍ സീമ, ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ വൈസ് ചെയര്‍പഴ്‌സണ്‍ ശോഭന ജോര്‍ജ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു.

2006 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പ് കെടിഡിസി ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ പേര് രണ്ടു വട്ടം രാജ്യസഭയിലേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. 

ചെറിയാന്‍ ഫിലിപ്പ് കൈകാര്യം ചെയ്തിരുന്ന നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന സമിതി അംഗം ടി എന്‍ സീമയുടെ പേരിനാണ് മുന്‍തൂക്കം. കഴിഞ്ഞ സര്‍ക്കാരില്‍ ഹരിതകേരളം മിഷന്റെ വൈസ് ചെയര്‍പഴ്‌സന്‍ സ്ഥാനം വഹിച്ച പരിചയം കണക്കിലെടുത്താണ്   സീമയെ നവകേരളം മിഷന്റെ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തേക്കു  പരിഗണിക്കുന്നത്.