പേരാവൂരില്‍ അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികള്‍ക്ക് കോവിഡ്; ഒരാഴ്ചക്കിടെ മരിച്ചത് 5 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 07:54 AM  |  

Last Updated: 19th August 2021 07:54 AM  |   A+A-   |  

13-year-old death

പ്രതീകാത്മക ചിത്രം


കണ്ണൂർ: പേരാവൂരിലെ അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കോവിഡ്.  ഒരാഴ്ചയ്ക്കിടെ അഞ്ചുപേരാണ് കൃപാലയം എന്ന അ​ഗതി മന്ദിരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. 

ഭക്ഷണത്തിന് ഉൾപ്പെടെ ബുദ്ധിമുട്ടുകയാണെന്നും ഇത് രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാക്കുന്നതായും നടത്തിപ്പുകാർ പറയുന്നു. ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. തെരുവിൽ അലയുന്നവ‍ർ, ആരോരും ഇല്ലാത്ത പ്രായമായവർ. മാനസീക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിൻറെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്ന ഇടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനം. 

234 അന്തേവാസികളാണ് ഇവിടെയുള്ളത്.  ഈ മാസം നാലിനാണ് ഒരാൾക്ക് കോവിഡ് പോസിറ്റീവായത്. പിന്നാലെ നടത്തിയ പരിശോധനയിൽ കൂടുതൽ പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം നൂറിലേക്ക് ഉയർന്നു. അഞ്ചുപേർ മരിച്ചു. മാനസീക വെല്ലുവിളി നേരിടുന്ന കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനാകാത്തതും വെല്ലുവിളിയാവുന്നു.

സുമനസുകളുടെ കരുണയിൽ കിട്ടുന്ന സംഭാവനയും ഭക്ഷണസാധനങ്ങളും കൊണ്ടാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാൽ കോവിഡ് കേസുകൾ വന്നതോടെ ഇവിടേക്ക് ആരും എത്താത്ത സാഹചര്യമായി. കോവിഡ് രോഗികൾക്ക് ആവശ്യമായ മരുന്ന്  ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്നുണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഇവിടെത്തെ മറ്റ് രോഗികളുടെ ചികിത്സയും മുടങ്ങി. രണ്ടുവർഷമായി സർക്കാർ ഗ്രാന്റ് കിട്ടാത്തതും പ്രശ്നം ഗുരുതരമാക്കി.