വിസ്തരിച്ചത് അഞ്ചു ദിവസം ; നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം പൂർത്തിയായി 

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷൻ ഭാഗം ക്രോസ് വിസ്താരം പൂർത്തിയായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സാക്ഷിയായിരുന്ന കാവ്യ മാധവൻ കൂറുമാറിയിരുന്നു. 

പ്രതിയായ നടൻ ദിലീപിന്റെ ഭാര്യ കാവ്യയുടെ വിസ്താരം അഞ്ചു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗം 34–ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറിയതിനെത്തുടർന്നാണ് ദീർഘനേരം വിസ്തരിച്ചത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനും ഇന്നലെ കാവ്യ മാധവനെ വിസ്തരിച്ചു. 24 ന് വിസ്താരം തുടരും.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. 

വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com