നല്ലനിലയില്‍ തീര്‍ക്കണം എന്നാല്‍ 'കുറവ് തീര്‍ക്കുക' ; നിഘണ്ഡു ഉദ്ധരിച്ച് നിയമോപദേശം ; ശശീന്ദ്രന് ക്ലീൻചിറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 11:37 AM  |  

Last Updated: 20th August 2021 11:37 AM  |   A+A-   |  

ak saseendran

മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടു എന്ന ആരോപണത്തില്‍, മന്ത്രി കുറ്റക്കാരനല്ലെന്ന് നിയമോപദേശം. നിഘണ്ഡു ഉദ്ധരിച്ചാണ് നിയമോപദേശം. നല്ലനിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞത്. നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്നാണ് ഇതിന് അര്‍ത്ഥമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന ഭീഷണിയും ഫോണ്‍ സംഭാഷണത്തിലില്ല. അതിനാല്‍ മന്ത്രി കുറ്റക്കാരനല്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ സര്‍ക്കാര്‍ പ്ലീഡര്‍ പ്ലീഡര്‍ സേതുനാഥന്‍പിള്ളയാണ് ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്. 

കുണ്ടറയില്‍ യുവതിയെ എന്‍സിപി നേതാവ് കടന്നുപിടിച്ച സംഭവത്തില്‍, പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന യുവതിയെ, പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍സിപി നേതാവ് പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. 

യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്. സംഭവം വിവാദമായതോടെ പത്മാകരനെ എന്‍സിപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം കുണ്ടറ കേസില്‍ മന്ത്രി ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.