ഡിവൈഎഫ്‌ഐ നേതാവിനെതിരായ കഞ്ചാവു കേസ് : എസ്‌ഐയെ സ്ഥലം മാറ്റി ; ആറു പൊലീസുകാര്‍ക്കെതിരെ അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 08:22 AM  |  

Last Updated: 20th August 2021 08:22 AM  |   A+A-   |  

POLICE

പ്രതീകാത്മക ചിത്രം

 

കൊച്ചി : ഡിവൈഎഫ്‌ഐ നേതാവിനെ കഞ്ചാവു കേസില്‍ കുടുക്കിയെന്ന പരാതിയില്‍, റെയ്ഡിന് നേതൃത്വം നല്‍കിയ എസ്‌ഐയെ സ്ഥലംമാറ്റി. റെയ്ഡില്‍ പങ്കെടുത്ത ആറു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. എസിപിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. 

എസ്‌ഐ ജോസഫ് സാജനെ കടവന്ത്ര സ്റ്റേഷനിലേക്കാണ് മാറ്റിയത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ നിന്ന് രാത്രി 12.30 ന് 15 ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്‌ഐ നേതാവ് അടക്കം നാലുപേരെ ജില്ലാ ആന്‍രി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് ( ഡാന്‍സാഫ് ) പിടികൂടിയത്. ഇവരെ നോര്‍ത്ത് പൊലീസിന് കൈമാറി. 

കഞ്ചാവ് കൈവശം വെച്ചെന്ന കുറ്റത്തിന് പകരം, കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചു എന്ന് എഴുതിച്ചേര്‍ത്ത് എന്‍ഡിപിഎസ് വകുപ്പ് ചുമത്തി. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, പാര്‍ട്ടിയിലെ എതിരാളികള്‍ കേസെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് പ്രതികളുടെ സംശയം. 


ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ്, കേസില്‍ വിശദമായ അന്വേഷണം നടന്നത്. സാമൂഹിക അകലം പാലിക്കാത്തതിന് കേസെടുക്കുമെന്ന് അറിയിച്ചാണ് സ്റ്റേഷനില്‍ എത്തിച്ചതെന്നും, കഞ്ചാവ് കേസില്‍ കുടുക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എസിപിയുടെ അന്വേഷണത്തില്‍ നോര്‍ത്ത് പൊലീസ് നല്‍കിയ വിവരവും ഡാന്‍സാഫ് റിപ്പോര്‍ട്ടും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.