ഉത്രാടപ്പാച്ചില്‍ ഉത്തരവാദിത്വത്തോടെയാകാം : മുഖ്യമന്ത്രി

ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം :  കോവിഡ് മഹാമാരിയുടെ കാലത്ത് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം. ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി നമുക്ക് ഒരുങ്ങാമെന്നും ഉത്രാട ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്. ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്. 
ഏകദേശം 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകള്‍ക്ക് 3100 രൂപ വീതം ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. 

25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തുടനീളം ഓണച്ചന്തകള്‍ ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികള്‍ സജീവമാകേണ്ട സാഹചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com