താക്കോല്‍ കൊണ്ട് കഴുത്തില്‍ കുത്തി, കയ്യാങ്കളി; ഇരുമ്പനത്ത് യുവാവിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം ; പ്രതി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 10:21 AM  |  

Last Updated: 20th August 2021 10:28 AM  |   A+A-   |  

manoj  and vishnu

കൊല്ലപ്പെട്ട മനോജ് ; അറസ്റ്റിലായ വിഷ്ണു

 

കൊച്ചി : കൊച്ചി ഇരുമ്പനത്ത് തൃപ്പൂണിത്തുറ സ്വദേശിയായ 40 കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഇരുമ്പനം സ്വദേശി വിഷ്ണു ടി അശോകന്‍ (26) ആണ് പിടിയിലായത്. 

ഓഗസ്റ്റ് ആറിനാണ് ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപം തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ മൂര്‍ക്കാട് വീട്ടില്‍ മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്. 

പ്രതിയും വിവാഹം നിശ്ചയിച്ചുവച്ചിരുന്ന പ്രതിശ്രുതവധുവും റോഡരികില്‍ സംസാരിച്ചു നില്‍ക്കെ  മനോജ് ഇതുവഴി വന്നു. മദ്യലഹരിയിലായിരുന്ന മനോജ് അനുവാദമില്ലാതെ പ്രതിയുടെ ബൈക്കില്‍ കയറിയിരിക്കുകയും, പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയും ചെയ്തു. 

ഇതേച്ചൊല്ലി പ്രതിയും മനോജും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. മനോജിന്റെ കഴുത്തിന് പിന്നിലും തൊണ്ടയിലും വിഷ്ണു ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തുകയും ചെയ്തു. കുത്തേറ്റ മനോജ് ഓടി പോകുകയും ഏതാനും ദൂരത്തിന് ശേഷം വഴിയില്‍ വീണ് മരിക്കുകയും ചെയ്തു. ഇതിനിടെ വിഷ്ണുവും യുവതിയും സ്ഥലംവിട്ടു. ഓട്ടത്തിനിടയില്‍ മുണ്ട് പോയതിനാല്‍ അര്‍ധനഗ്നമായ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

മനോജ് നഗ്നനായി ഓടുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പൊലീസ് ആദ്യം വിചാരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ ഡോ. ഉമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിസ്‌റ്റോപതോളജി പരിശോധനയിലാണ് കഴുത്തിലേറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയത്. 

മനോജിന്റെ ആന്തരികാവയവങ്ങള്‍ റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ശ്വാസനാളിയിലെ പരിക്കുമൂലം ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിക്കേറ്റ മനോജിനെ തേടി വിഷ്ണുവും സുഹൃത്തുക്കളും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കാണാത്തതിനെ തുടര്‍ന്ന് തിരികെ പോയി. ഇത് മനഃപൂര്‍വ്വമുള്ള കൊലപാതകമല്ലെന്ന് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. അറസ്റ്റിലായ വിഷ്ണുവിന് മേല്‍ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്.