യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം, ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; അക്രമിക്കെതിരെ നടപടിയില്ല

യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം: യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ നടപടി സ്വീകരിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം. സഹപ്രവർത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് പരാതി. 

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അതിക്രമത്തിന് ഇരയായ യുവതിയുടെ സഹപ്രവർത്തകന് എതിരെ കേസെടുത്തിരിക്കുന്നത്. യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്ന വാദമാണ് പൊലീസ് ഇവിടെ ഉന്നയിക്കുന്നത്.  പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. രാമൻകുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഹരിധരൻ എന്നയാൾ ഓഫീസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഈ സമയം പെൺകുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിധരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. 

തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പൊലീസിൽ പരാതി നൽകി. എന്നാൽ യുവതിയുടെ പരാതിയിൽ നടപടി എടുക്കാൻ പൊലീസ് തയ്യാറായില്ല. വെളളിയാഴ്ചയുണ്ടായ സംഭവത്തിൽ യുവതി പരാതി നൽകിയത് ശനിയാഴ്ച വൈകിട്ട് മാത്രമാണെന്നും ഇതിൽ സംശയമുണർത്തുന്നതാണ് എന്നുമാണ് പൊലീസിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com