ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ചു; 5 കുട്ടികള്‍ പൊലീസ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 06:56 AM  |  

Last Updated: 20th August 2021 06:56 AM  |   A+A-   |  

Woman killed in running train

ഫയല്‍ ചിത്രം


തിരൂർ: ചുവന്ന് മുണ്ടു വീശി തീവണ്ടി നിർത്തിച്ച കുട്ടികളെ പൊലീസ് പിടികൂടി. കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാളാണ് ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചത്. 

തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം. കളി കാര്യമായതോടെ പൊലീസ് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിലാണ് പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികൾ കുളിക്കാൻ പോയത്. കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോയ സമയം തുമരക്കാവ് വെച്ച് കുട്ടികളിലൊരാൾ ഉടുത്തിരുന്ന ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. 

ഇത് കണ്ടതോടെ അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടിനിർത്തി. എന്നാൽ ഉടനെ തന്നെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി അവിടെ നിർത്തിയിട്ടിരുന്നു. വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു. അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലായി. കുട്ടികളെ പിടികൂടുകയുംചെയ്തു. 

താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കൗൺസലിങ് നൽകി. ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ ഇവർക്കെതിരെ കേസെടുക്കും.