കുവൈത്തിലെ ജയിലില്‍ വച്ച് പരിചയപ്പെട്ടു, കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 05:41 PM  |  

Last Updated: 20th August 2021 05:46 PM  |   A+A-   |  

drug cases in kerala

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 40 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോഴിക്കോട് എളേറ്റില്‍ സ്വദേശികളായ നൗഫല്‍ (33), അന്‍വര്‍ തസ്നിം (35) കട്ടിപ്പാറ സ്വദേശി മന്‍സൂര്‍ (35) എന്നിവരാണ് പിടിയിലായത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ക്ക് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായ അന്‍വര്‍ കുവൈത്തില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് എട്ട് വര്‍ഷം തടവ് ശിക്ഷയനുഭവിച്ചയാളാണ്. ഈയിടെയാണ് ഇയാള്‍ നാട്ടില്‍ തിരിച്ചത്തിയതെന്ന് പൊലീസ് പറഞ്ഞു. കുവൈത്തിലെ ജയിലില്‍ വച്ച് പരിചയപ്പെട്ടവരില്‍ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.