സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ രാത്രി 11 മണി വരെ ; മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയും ലഭിക്കും

സര്‍ക്കാര്‍ നിശ്ചയിച്ച 780 രൂപ നിരക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാം
ചിത്രം: എ പി
ചിത്രം: എ പി

കൊച്ചി : എറണാകുളം ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സമയം രാത്രി 11 മണി വരെ നീട്ടും. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയും ഇവിടെ വാക്‌സിന്‍ ലഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. 

നിലവിലെ വാക്‌സിനേഷന്‍ സമയത്തിനു പുറമെ വൈകീട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് വാക്‌സിനേഷനു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് 20 മുതല്‍ 23 വരെയാണ് പ്രത്യേക സൗകര്യമുണ്ടാവുക. സര്‍ക്കാര്‍ നിശ്ചയിച്ച 780 രൂപ നിരക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാം. 

18 വയസ്സിനു മുകളില്‍ വാക്‌സിന്‍ ലഭ്യമാകാത്ത ആളുകള്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമായവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓണാഘോഷവും ആളുകളുടെ കൂടിച്ചേരലും കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്നുള്ള നടപടിയെന്ന് കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. 

പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. 3.85 ലക്ഷം ഡോസ് കോവിഷീല്‍ഡും 5919 ഡോസ് കോവാക്‌സിനും 359 ഡോസ് സ്പുട്‌നിക് വാക്‌സിനും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രികള്‍ കൈവശമുള്ള വാക്‌സിനുകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com