ഓണാവധിയെ തുടര്‍ന്ന് വാക്‌സിനേഷന്‍, കോവിഡ് പരിശോധനകളില്‍ വന്‍ ഇടിവ്; ടെസ്റ്റുകള്‍ കുത്തനെ കൂട്ടണമെന്ന് നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 07:53 AM  |  

Last Updated: 22nd August 2021 07:53 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം


തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ ‌ സംസ്ഥാനത്തെ കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കുറവ്. പരിശോധന ഒരു ലക്ഷത്തിൽ താഴ്ന്നതോടെ ടിപിആർ മുകളിലേക്കായി. 

തിരുവോണ ദിവസമായ ശനിയാഴ്ച 30,000ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. ‌ഓ​ഗസ്റ്റ് മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. ഓരോ ദിവസം പിന്നിടുമ്പോഴും പരിശോധനകളുടെ എണ്ണം കുറഞ്ഞു വന്നു. തിരുവോണ ദിവസത്തിലേക്ക് എത്തിയപ്പോൾ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ഇതോടെ ടിപിആർ 17.73 ആയി ഉയർന്നു.

ഓണാഘോഷത്തെ തുടർന്നുണ്ടായ കോവിഡ് വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും കേസുകൾ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടണം എന്ന നിർദേശമാണ് ഉയരുന്നത്. വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. 

ഈ മാസം 13ന് അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ.