ഒരാഴ്ച പിന്നിട്ടിട്ടും മുഹമ്മദ് സൗഹാനെ കണ്ടെത്താനായില്ല; ദുരൂഹത ഉറപ്പിച്ച് പൊലീസ്; തെരച്ചില്‍ നിര്‍ത്തി നാട്ടുകാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 08:22 AM  |  

Last Updated: 22nd August 2021 08:35 AM  |   A+A-   |  

child_missing

മലപ്പുറത്ത് നിന്ന് കാണാതായ മുഹമ്മദ് സൗഹാന്‍


മലപ്പുറം: ഒരാഴ്ച മുൻപ് കാണാതായ മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി നാട്ടുകാർ.  ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാനാണ് ഇപ്പോഴും കാണാമറയത്ത് നിൽക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 

കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഏഴ് ദിവസം സൗഹാന് വേണ്ടി വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേർന്ന വനത്തിന് സമീപത്ത് വെച്ച് കുട്ടിയെ നാട്ടുകാരിലൊരാൾ കണ്ടിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. 

കുട്ടിയെ കാണാതായ ദിവസം വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുൻപോട്ട് പോവുന്നത്. നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി ഒരാഴ്ച തിരച്ചിൽ നടത്തിക്കൊണ്ടിരുന്നത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തി, എന്നാൽ ഫലമുണ്ടായില്ല. 

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് ഏവരും ആദ്യം കരുതിയത്. എന്നാൽ വനത്തിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തിൽ ദുരൂഹത ഉറപ്പിക്കുന്നത്.