താലിബാന് വീരപരിവേഷം നല്‍കുന്നത് ഖേദകരം : മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 11:50 AM  |  

Last Updated: 23rd August 2021 11:57 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : മതതീവ്രവാദം മനുഷ്യനെ ഇല്ലാതാക്കുമെന്നതിന് ഒരു പാഠമാണ് അഫ്ഗാനിസ്ഥാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിപടര്‍ത്തിയാല്‍ ആ തീയില്‍ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് നൽകുന്നത്. മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാനുള്ള മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

ചില മാധ്യമങ്ങള്‍ താലിബാന് വീര പരിവേഷം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചു. ഇത് അങ്ങേയറ്റം ഖേദകരമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്. അവരെ ആരാണ് വളര്‍ത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.