വാരിയംകുന്നന്‍ താലിബാന്‍ മുന്‍ തലവന്‍, നടന്നത് ഹിന്ദുവേട്ട; എ പി അബ്ദുള്ളക്കുട്ടി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാന്‍ മുന്‍ തലവനാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി ആരോപിച്ചു
അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട്
അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട്

കോഴിക്കോട്: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആക്ഷേപിച്ച് ബിജെപി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാന്‍ മുന്‍ തലവനാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി ആരോപിച്ചു. വാരിയം കുന്നിനെ ഭഗത് സിംഗിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പറഞ്ഞു.

'സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വാരിയംകുന്നനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ താലിബാന്റെ ആദ്യത്തെ തലവനായിരുന്നു.അദ്ദേഹത്തിന് സ്്മാരകം ഉണ്ടാക്കുന്നത്, അത് സ്വാതന്ത്ര്യസമരമാണ് എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കര്‍ഷക സമരമല്ല, സ്വാതന്ത്യസമരമല്ല, അത് ഹിന്ദു വേട്ടയായിരുന്നു. വംശഹത്യയായിരുന്നു.' - അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആള്‍ക്കാരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതി ഇതിന് ശുപാര്‍ശ നല്‍കി. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം .

മലബാര്‍ കലാപം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ , ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാല്‍ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. മലബാര്‍ കലാപം രാജ്യത്തെ ആദ്യ താലിബാന്‍ മോഡല്‍ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. പുതുക്കിയ രക്ത സാക്ഷി പട്ടിക  ഒക്ടോബര്‍ അവസാനം പുറത്തിറങ്ങും

സ്വാതന്ത്രസമരസേനാനി പട്ടിക പുതുക്കിയ നടപടി ശരിയല്ലെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു. പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com