കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച നിലയിൽ ബാ​ഗ്, തുറന്നപ്പോൾ തോക്ക് 

തിരുവനന്തപുരം - കൊട്ടാരക്കര ഫാസ്റ്റ് ബസിലാണ് ബാഗ് കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽ നിന്ന് തോക്ക് (എയർ ഗൺ), പാസ്പോർട്ട്, വസ്തു ഇടപാടിന്റെ രേഖ എന്നിവ കണ്ടെടുത്തു.  തിരുവനന്തപുരം - കൊട്ടാരക്കര ഫാസ്റ്റ് ബസിൽ വെള്ളിയാഴ്ച രാത്രിയാണ് ബാഗ് കണ്ടത്. ബാഗ് കണ്ടക്ടർ കിളിമാനൂർ പൊലീസിന് കൈമാറി. 

കിളിമാനൂർ ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിൽ നിന്നാണ് ബാഗ് കിട്ടിയത്.വസ്തു ഇടപാടിനു കൊണ്ടുവന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആര്യനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ബാ​ഗാണ് ബസിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലൈസൻസ് വേണ്ടാത്ത എയർഗൺ ആണ് ബാഗിൽ നിന്നു കണ്ടെടുത്തത്. വട്ടിയൂർക്കാവ് മൂന്നാംമൂട് ലാറിവറിയിൽ ജെ സുധീർ എന്നയാളുടെ ബാ​ഗാണ് ഇത്. 

വഴുതക്കാടുള്ള സുധീറിന്റെ 5 സെന്റ് വസ്തുവും കണ്ടല സ്വദേശിയായ സുനിൽ എന്നയാളുടെ നെടുമങ്ങാട് വാളിക്കോടുള്ള 1.80 ഏക്കർ വസ്തുവും പരസ്പരം മാറ്റി വാങ്ങാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു കച്ചവടം. ഇതനുസരിച്ചു വഴുതക്കാട്ടെ വസ്തുവിനു 1.20 കോടി രൂപയും വാളിക്കോട്ടെ വസ്തുവിനു 1.46 കോടി രൂപയും വിലയിട്ടു. സുധീർ നൽകേണ്ട 26 ലക്ഷത്തിൽ 6 ലക്ഷം ആദ്യം നൽകി.  ബാക്കി 20 ലക്ഷം രൂപ നൽകാൻ എത്തിയപ്പോഴാണ് എട്ടംഘ സംഘം ഇയാളെ ആക്രമിച്ചത്. 

കഴുത്തിൽ മഴുവച്ച് ഭീഷണിപ്പെടുത്തി പണം കവർന്നെന്നാണ് കേസ്. സംഭവത്തിൽ മൂന്ന്  പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുധീറിന്റെ കുടുംബസുഹൃത്തായ ജോർജിന് വേണ്ടിയാണ് വസ്തു വാങ്ങുന്നത്. ജോർജിന്റെ മാതാവ് പരേതയായ ലിയോണ ജോസഫ് അഗസ്റ്റിന്റെ സിംഗപ്പൂർ പാസ്പോർട്ട് ആണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com