മരുമകൻ വിരുന്നു വരുമ്പോഴെല്ലാം മോഷണം; പരാതി; ഒടുവിൽ പ്രതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 09:17 AM  |  

Last Updated: 23rd August 2021 09:17 AM  |   A+A-   |  

Man arrested

പ്രതീകാത്മക ചിത്രം

 

കാസർക്കോട്: ഭാര്യയുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിലായി. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയിൽ ബേക്കൽ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. 

2019 ജൂലൈ മുതൽ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭർത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാർ വലഞ്ഞതോടെ ചില ബന്ധുക്കൾ മരുമകനെ നിരീക്ഷിക്കാൻ തുടങ്ങി. 

കഴിഞ്ഞ മാസം 29നും ഈ വീട്ടിൽ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസിൽ പരാതി നൽകി. മരുമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്.