പ്രതിഷേധിച്ചില്ല; ബിജെപി ജില്ലാ ഭാരവാഹിക്ക് ഭീഷണി; ഫോണ്‍ സംഭാഷണം പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 04:57 PM  |  

Last Updated: 23rd August 2021 04:57 PM  |   A+A-   |  

bjp THRIKKAKRA

ബിജെപി പതാക/ ഫയല്‍ ചിത്രം

 

കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തെ ചൊല്ലി ബിജെപിയില്‍ തമ്മിലടി. പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണിയുമായി മണ്ഡലം പ്രസിഡന്റ്‌ രംഗത്ത്‌. ജില്ലാ ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷിനെ മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
 
എആര്‍ രാജേഷ് ആണ് ജില്ലാഭാരവാഹിയെ ഫോണ്‍ വിളിച്ച ഭീഷണിപ്പെടുത്തിയത്. ബിജെപി ഗ്രൂപ്പിലെ വിമര്‍ശനത്തിനാണ് ഫോണ്‍ വിളിച്ച്  ഭീഷണിപ്പെടുത്തിയതെന്നാണ് മണ്ഡലം പ്രസിഡന്റ് പറയുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ മണ്ഡലം പ്രസിഡന്റിനെതിരെ ജില്ലാ പ്രസിഡന്റിന് പരാതി നല്‍കിയതായും രാജേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിച്ചത്. ഇതനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തുവന്നതോടെ  ചെയര്‍പേഴ്‌സന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്‌സണ് തിരിച്ചു നല്‍കുന്നതിന്റെ കൂടുതല്‍ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍. കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറില്‍ സ്വീകരിക്കുന്ന ദൃശ്യമാണെന്നും അജിത പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചേല്‍പ്പിച്ചത് പണമടങ്ങിയ കവര്‍ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വീഡിയോ കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടിരുന്നു.