വീട്ടില്‍ അതിക്രമിച്ച് കയറി, വായില്‍ തുണി തിരുകി, കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; 14കാരി ഗുരുതരാവസ്ഥയില്‍, അയല്‍വാസി ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 12:27 PM  |  

Last Updated: 24th August 2021 12:28 PM  |   A+A-   |  

14year old girl attacked by youth in palakkad

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മണ്ണാര്‍ക്കാട് 14കാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ യുവാവാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തിരുവിഴാംകുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വീട്ടില്‍ ആ സമയത്ത് പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയുടെ വയറ്റില്‍ യുവാവ് ചവിട്ടി. തുടര്‍ന്ന് യുവാവ് വീട്ടില്‍ നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കള്‍ പറയുന്നു. അയല്‍വാസിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാട്ടി ബന്ധുക്കള്‍ മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.