രോഗി കഴുത്തിനു കുത്തിപ്പിടിച്ചു, നിയന്ത്രണം വിട്ട ആംബുലൻസ്  മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 07:35 AM  |  

Last Updated: 24th August 2021 07:39 AM  |   A+A-   |  

ambulance

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ചികിത്സയ്ക്ക് ശേഷം ആംബുലൻസിൽ വീട്ടിലേക്ക് പോയ രോഗി ആക്രമിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ആംബുലൻസ്  മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. മദ്യ ലഹരിയിലായിരുന്ന രോഗി ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ചീനിവിള അണപ്പാടാണ് ആംബുലൻസ് മറിഞ്ഞത്.

കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കാലിനു പരുക്കേറ്റ യുവാവാണ് ആക്രമിച്ചത്. ആശുപത്രിയിൽ ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്നവർ ഇയാളെ ഉപേക്ഷിച്ചു മടങ്ങിയിരുന്നു. കുഴിവിളയിലെ വീട്ടിലേക്ക് പോകാനാണ് ആശുപത്രിക്ക് സമീപം നിർത്തിയിരുന്ന ആംബുലൻസിൽ കയറിയത്. ആംബുലൻസിൽ സംസാരിച്ചിരിക്കവെയാണ് ഇയാൾ ഡ്രൈവർ അമലിന്റെ കഴുത്തിന് പിടിച്ചത്. ഇതോടെ ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. 

മദ്യ ലഹരിയിലായിരുന്ന രോഗി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ‌അമൽ മണിയറവിള ആശുപത്രിയിൽ ചികിത്സ തേടി. ലഹരിയിലായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.