സിപിഎമ്മിന്റെ ആദ്യ ജില്ലാ സമ്മേളനം എറണാകുളത്ത് ; പാര്‍ട്ടി കോണ്‍ഗ്രസ് നായനാര്‍ അക്കാദമിയില്‍

പാര്‍ട്ടി കോണ്‍ഗ്രസില്‍  800 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കോടിയേരി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ആദ്യ ജില്ലാ സമ്മേളനം എറണാകുളത്ത് ആയിരിക്കും. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലെ നായനാര്‍ അക്കാദമിയിലായിരിക്കും. 800 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും കോടിയേരി അറിയിച്ചു. 

നായനാര്‍ മ്യൂസിയത്തിന്റെ ഒന്നാംഘട്ടം ഉടന്‍ പൂര്‍ത്തിയാക്കും. ജില്ലാ സമ്മേളനങ്ങളുടെ തീയതി സംസ്ഥാന സമിതി തീരുമാനിക്കും. കണ്ണൂര്‍ സിപിഎമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. തെറ്റായ പ്രചാരണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടല്ലോ. തെറ്റായ പ്രവണതകള്‍ ഉണ്ടായാല്‍ പാര്‍ട്ടി തന്നെ കണ്ടെത്തുകയും തിരുത്തുകയും ചെയ്യാറുണ്ട്. അത് സിപിഎം എല്ലാ കാലത്തും ചെയ്യാറുള്ളതാണ്. 

സിപിഎം കേഡര്‍മാരെ പാര്‍ട്ടി വിലയിരുത്താറുണ്ട്. തെറ്റുതിരുത്തല്‍ പ്രക്രിയ തന്നെയുള്ള പാര്‍ട്ടിയാണിത്. പി ജയരാജനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടായതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആരെയും താക്കീത് ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ധര്‍മ്മടം ബന്ധം ആരോപണം പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് കോടിയേരി പറഞ്ഞു. സത്യം പുറത്തുകൊണ്ടു വരണമെന്ന ആഗ്രഹമാണ് ഉള്ളതെങ്കില്‍   ഇതുമായി ബന്ധപ്പെട്ട് കിട്ടിയ തെളിവുകള്‍ പ്രതിപക്ഷ നേതാവ് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്.

കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ താന്‍ ലീവെടുത്ത് നില്‍ക്കുകയാണെന്നും, മറ്റുകാര്യങ്ങള്‍ യുക്തമായ സമയത്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. 

സിപിഎം സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താനും പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com