ഓംചേരി എന്‍എന്‍ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 02:42 PM  |  

Last Updated: 24th August 2021 02:42 PM  |   A+A-   |  

omcheri

ഫയല്‍ ചിത്രം

 


ന്യൂഡല്‍ഹി : പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മ്മക്കുറിപ്പുകളായ 'ആകസ്മിക'ത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. 

ഡോ. കെ പി ശങ്കരന്‍, സേതുമാധവന്‍, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം കണ്ടെത്തിയതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാര്‍ അറിയിച്ചു. 2018 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡല്‍ഹിയില്‍ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. 

കേരളത്തിലെ പ്രശസ്ത നാടകകൃത്താണ് ഓംചേരി എന്‍എന്‍പിള്ള. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അദ്ധ്യാപകനായിരുന്നു. 

കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.

1963ല്‍ എക്‌സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്.  1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.