സെക്രട്ടേറിയറ്റ് തീപിടുത്തം : അട്ടിമറിയില്ല ; ഫാനിന്റെ മോട്ടോര്‍ ചൂടായി തീപിടിച്ച് താഴേക്ക് വീണതെന്ന് പൊലീസ് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 05:28 PM  |  

Last Updated: 24th August 2021 05:28 PM  |   A+A-   |  

secretariate fire

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായി തീപിടിച്ച് താഴേക്ക് വീണു. ഇതില്‍ നിന്നും ഫയലുകളിലേക്കും കര്‍ട്ടനിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്ക് തീപിടുത്തത്തില്‍ യാതൊരു പങ്കുമില്ല. അട്ടിമറിക്ക് തെളിവൊന്നും ലഭിച്ചിട്ടില്ല.  പ്രധാന ഫയലുകള്‍ കത്തിനശിച്ചിട്ടില്ലെന്നും അന്വേഷണസംഘം വിലയിരുത്തി. 

അതേസമയം ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണവും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റ് തീപിടുത്തം ഉണ്ടായിട്ട് ഒരു വര്‍ഷം തികയാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

സ്വര്‍ണക്കടത്ത് കേസ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സമയത്താണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടാകുന്നത്. ഇത് അട്ടിമറിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.