വാക്സിൻ എടുത്തതിന് പിന്നാലെ മസ്തിഷ്കാഘാതം, യുവതി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 10:13 AM  |  

Last Updated: 24th August 2021 10:13 AM  |   A+A-   |  

vaccination in kerala

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: മസ്തിഷ്കാഘാതത്തെ തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴഞ്ചേരി നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ജിനു ജി കുമാറിന്റെ ഭാര്യ ദിവ്യ ആർ നായർ (38) ആണ് ഇന്നലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കോവിഡ് പ്രതിരോധ വാക്സീൻ എടുത്തതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 

ഈ മാസം രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്‌സീൻ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്കാഘാതമുണ്ടായതായി ബന്ധുക്കൾ പറയുന്നു.

 തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. 2 തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോർ ഒരു ശതമാനമേ പ്രവർത്തിക്കുന്നുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി വീട്ടുകാർ പറയുന്നു.

ദിവ്യ ഗുരുതരാവസ്ഥയിൽ ആയപ്പോൾ തന്നെ വീട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ എൽ ഷീജ പറഞ്ഞു.