'ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, വിഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക'; ഡിസിസി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 07:53 AM  |  

Last Updated: 25th August 2021 07:55 AM  |   A+A-   |  

satheesan

വി ഡി സതീശന്‍ /ഫയല്‍ ചിത്രം

 

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍. വിഡി സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. 

യാഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റില്‍ പതിച്ചിരിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി ഡി സതീശന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക എന്നെല്ലാമാണ് പോസ്റ്ററില്‍ പറയുന്നത്. 

ഗ്രൂപ്പ് ഇല്ലാ എന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വിഡി സതീശന്റെ കള്ളക്കളി തിരിച്ചറിയുക എന്നതാണ് മറ്റൊരു പോസ്റ്ററില്‍ പറയുന്നത്. അതിനിടയില്‍ ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും കൂടിക്കാഴ്ച നടത്തും.