ഐടിഐ പ്രവേശനം, നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം; അവസാന തീയതി വരെ മാറ്റങ്ങള്‍ വരുത്താനും അവസരം 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഐടിഐകളിലെ പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഐടിഐകളിലെ പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചു. വീട്ടിലിരുന്നു തന്നെ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തിരവും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

www.itiadmissions.kerala.gov.in  എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പോര്‍ട്ടലിലൂടെ വ്യാഴാഴ്ച മുതല്‍ പ്രവേശനത്തിനായി അപേക്ഷിക്കാം.

പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും www.det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും www.itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.

അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം മൊബൈല്‍ നമ്പറില്‍ എസ്എംഎസായി ലഭിക്കും.

സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐടിഐ കളിലായി 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോണ്‍ മെട്രിക്, എന്‍ജിനിയറിങ്/നോണ്‍ എന്‍ജിനിയറിങ് വിഭാഗങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ സി വി ടി ട്രേഡുകള്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകള്‍, മികവിന്റെ കേന്ദ്ര പരിധിയില്‍ ഉള്‍പ്പെടുന്ന മള്‍ട്ടി സ്‌കില്‍ ക്ലസ്റ്റര്‍ കോഴ്സുകള്‍ എന്നിവയാണ് നിലവിലുള്ളത്. എസ്എസ്എല്‍സി പരീക്ഷ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകര്‍ 201 ആഗസ്റ്റ് ഒന്നിന് 14 വയസ് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക് പുറമെ 2020 മുതല്‍ മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ബാച്ചുകള്‍ /സീറ്റുകള്‍ തെരഞ്ഞെടുത്ത ഐടിഐകളില്‍ നിലവിലുണ്ട്. ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com