പ്രണയം 'മരണക്കുരുക്കാ'കുന്നു; അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ജീവന്‍ നഷ്ടമായത് 350 പെണ്‍കുട്ടികള്‍ക്ക് 

ഏറ്റവും കൂടുതല്‍ പ്രണയ മരണങ്ങള്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : പ്രണയത്തിന് കണ്ണില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പ്രണയം മൂലം ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 350 പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ക്കാണ് പ്രണയത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 

ഇതില്‍ 10 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ എം കെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയതാണ് ഇക്കാര്യം. 

ഏറ്റവും കൂടുതല്‍ പ്രണയ മരണങ്ങള്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍, 96 പേരാണ് പ്രണയ പരാജയത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്. പ്രേമിച്ച് വഞ്ചിച്ച കാമുകരാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍. 

തൊട്ടുമുന്‍ വര്‍ഷം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അഞ്ചു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രണയ പരാജയം മൂലം നിരാശരായി മരണത്തില്‍ അഭയം തേടിയത് 88 പെണ്‍കുട്ടികളാണ്. 2018 ല്‍ 76 പെണ്‍കുട്ടികളാണ് പ്രേമപരാജയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 

2017 ല്‍ 83 യുവതികള്‍ പ്രണയവുമായി ബന്ധപ്പെട്ട് മരിച്ചു. ഇതില്‍ മൂന്നെണ്ണം കൊലപാതകമായിരുന്നെന്നും, കൊലയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തുക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആളുകളുടെ മാനസികാരോഗ്യത്തിലുള്ള പ്രശ്‌നങ്ങളാണ് പ്രണയപരാജയങ്ങളുടെ പേരില്‍ ആത്മഹത്യയില്‍ അഭയം തേടുന്നതിന് പിന്നിലെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. പി എന്‍ സുരേഷ് കുമാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com