തര്‍ക്കത്തിനിടെ ഷാള്‍ കഴുത്തില്‍ കുരുക്കി ; കൊല്ലുകയായിരുന്നു ലക്ഷ്യം ; 16 കാരിയെ ആക്രമിച്ചത് പ്രണയകലഹത്തെ തുടര്‍ന്നെന്ന് മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 01:17 PM  |  

Last Updated: 25th August 2021 01:17 PM  |   A+A-   |  

mannarkad police

ടെലിവിഷന്‍ ചിത്രം

 

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത് പ്രണയകലഹത്തെത്തുടര്‍ന്നെന്ന് മൊഴി. കേസില്‍ പിടിയിലായ ജംഷീറാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 

രാത്രിയില്‍ വീട്ടില്‍ വെച്ചുള്ള തര്‍ക്കത്തിനിടെ ഷാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കുരുക്കുകയായിരുന്നു. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജംഷീര്‍ പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി ഡിവൈഎസ്പി കൃഷ്ണദാസ് പറഞ്ഞു.

ഷാള്‍ കുരുക്കിയ സമയത്ത് അമ്മൂമ്മ എത്തിയതാണ് കുട്ടി ജീവനോടെ ഇരിക്കാന്‍ കാരണമെന്നും ഡിവൈഎസ്പി പറഞ്ഞു. ഇവര്‍ തമ്മില്‍ അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ നേരത്തെ വീട്ടുകാര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. പിന്നീടും വീട്ടുകാര്‍ അറിയാതെ ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. 

പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.  പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അതിക്രമം. വീട്ടില്‍ അതിക്രമിച്ച് കയറിയ ജംഷീര്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് മുറുക്കുകയായിരുന്നു.