'ജോസഫ് മാഷാകാന്‍ ശ്രമിക്കരുത്, അയാളുടെ അവസ്ഥ ഉണ്ടാക്കരുത്' ; താലിബാനെതിരെ പോസ്റ്റ് ഇട്ടതിന് എം കെ മുനീറിന് വധഭീഷണി

കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ് എസ് സ്‌നേഹവും കാണുന്നു
എം കെ മുനീര്‍ /ഫയല്‍ ചിത്രം
എം കെ മുനീര്‍ /ഫയല്‍ ചിത്രം

കോഴിക്കോട്: താലിബാനെതിരെ ഫെയ്‌സ് ബുക്ക്  പോസ്റ്റിട്ട എം കെ മുനീര്‍ എംഎല്‍എയ്ക്ക് വധഭീഷണി. ഇന്ന് രാവിലെയാണ് കോഴിക്കോട്  മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്.  ജോസഫ്  മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നു. 

'ഫെയ്‌സ്ബുക്ക് പോസ്റ്റ്  ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച്  മുസ്ലീം വിരുദ്ധ പോസ്റ്റാണത്. നിന്റെ തീരുമാനങ്ങള്‍ നിന്റെ പുരയില്‍ മതി. 24 മണിക്കൂറിനുള്ളില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും' ഭീഷണിക്കത്തില്‍ പറയുന്നു. 

'ഈ കത്തും പൊക്കിപ്പിടിച്ച് ആളാകാന്‍ ഇറങ്ങരുത്. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ് എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ ആര്‍എസ്എസ് പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്'.

'ജോസഫ് മാഷാകാന്‍ ശ്രമിക്കരുത്. അയാളുടെ അവസ്ഥ ഉണ്ടാക്കരുതെന്നും' കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത്  ലഭിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് എം കെ മുനീര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com