സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്ന് പ്രചാരണം; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 08:15 PM  |  

Last Updated: 25th August 2021 08:15 PM  |   A+A-   |  

social media campaign

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണം തള്ളി മോട്ടോര്‍ വാഹനവകുപ്പ്.  ടാക്‌സ്, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലാതെയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടുന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 

സര്‍ക്കാര്‍ വാഹനങ്ങളെ റോഡ് നികുതി അടയ്ക്കുന്നതില്‍ നിന്ന് 1975 മുതല്‍ തന്നെ ഒഴിവാക്കിയതാണ്.കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സര്‍ക്കാരിന് ചില വിഭാഗം വാഹനങ്ങളെ നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് ഇരുപത്തി ഒന്‍പതോളം തരം വാഹനങ്ങള്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാമതായി വരുന്നതാണ് സര്‍ക്കാര്‍ വാഹനങ്ങള്‍.

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ്  ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാക്കാനുള്ള നടപടികള്‍ തുടങ്ങിയത്. അതിനാല്‍ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ആയിട്ടില്ല.

അതുപോലെ പുക പരിശോധന കേന്ദ്രങ്ങള്‍ അടുത്തിടെ മാത്രമാണ് ഓണ്‍ലൈനായത്. അതിനാല്‍ ഓണ്‍ലൈനാകുന്നതിനു മുന്‍പ് എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ പരിവാഹനില്‍ പ്രതിഫലിക്കില്ല. ഈ സാഹചര്യത്തില്‍ അപൂര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.