'എന്നെ കൊല്ലാന്‍ വരുന്നേ'യെന്ന് അലറി വിളിച്ച് യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറി ; പുലിവാലു പിടിച്ച് പൊലീസ് ; നേരം വെളുത്തപ്പോള്‍ വന്‍ ട്വിസ്റ്റ്

ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ 26 കാരനാണ് പൊലീസിനെ വലച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നാര്‍ : സുഹൃത്തുക്കള്‍ കൊല്ലാന്‍ വരുന്നേ എന്ന് അലറി വിളിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഉദ്യോഗസ്ഥര്‍ക്ക് പൊല്ലാപ്പായി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ 26 കാരനാണ് പൊലീസിനെ വലച്ചത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് യുവാവ് ഓടിയെത്തിയത്. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. യുവാവ് കഞ്ചാവു  വലിച്ച്  കിറുങ്ങിയതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയതോടെ, മാതാപിതാക്കളെ വിളിച്ചു വരുത്തി പൊലീസ് അവര്‍ക്കൊപ്പം വിട്ടയച്ചു. 

തിങ്കളാഴ്ച രാവിലെ ഇയാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ബൈക്കില്‍ ടോപ്പ് സ്റ്റേഷനിലെത്തി. പിന്നെ പഴയ മൂന്നാര്‍ മൂലക്കടയിലെ റിസോര്‍ട്ടില്‍ മുറിയെടുത്തു. രാത്രി എല്ലാവരും മദ്യപിച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 12 മണിയോടെ യുവാവ്, എന്നെ കൊല്ലാന്‍ വരുന്നേ എന്ന് അലറി വിളിച്ച് മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തുകയായിരുന്നു. 

സുഹൃത്തുക്കളാണ് കൊല്ലാന്‍ വരുന്നതെന്നും രക്ഷിക്കണമെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് റിസോര്‍ട്ടിലെത്തി സുഹൃത്തുക്കളെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് യുവാവിനെ സുഹൃത്തുക്കള്‍ക്കൊപ്പം റിസോര്‍ട്ടിലേക്ക് തിരിച്ചയച്ചു.   

വെളുപ്പിന് മൂന്നുമണിയോടെ മൂലക്കടയിലെ റിസോര്‍ട്ട് ഉടമ, ഒരു യുവാവ് തന്നെ ആരോ കൊല്ലാന്‍ വരുന്നെന്ന് പറഞ്ഞ്  ബഹളം ഉണ്ടാക്കുന്നതായി പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ആദ്യം സ്‌റ്റേഷനിലെത്തിയ യുവാവിനെ തന്നെ. രാവിലെ ബോധം വീണപ്പോള്‍ താനെങ്ങനെ പൊലീസ് സ്റ്റേഷനിലെത്തി എന്നായിരുന്നു യുവാവിന്റെ ചോദ്യം. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍, കഞ്ചാവും മദ്യവും മൂലമാണ് പ്രശ്‌നമുണ്ടായതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com