'ഇതൊരു ക്രമസമാധാനപ്രശ്‌നമല്ല, അതൊന്നു മനസ്സിലാക്കണം'; ആരോഗ്യ ഡാറ്റകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 01:06 PM  |  

Last Updated: 25th August 2021 01:06 PM  |   A+A-   |  

VD-Satheesan

വി ഡി സതീശന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട സുപ്രധാന ആരോഗ്യ ഡാറ്റകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാം തരംഗം തടയാന്‍ ആരോഗ്യ ഡാറ്റ പരസ്യപ്പെടുത്തണം. കേരളത്തിലെ ആരോഗ്യസംവിധാനം പരാജയപ്പെട്ടു. കോവിഡ് പ്രതിരോധ സംവിധാനം പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 


കോവിഡ് വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പാണ്. അതുകൊണ്ടാണ് യോഗങ്ങളിലെ മിനിറ്റ്‌സുകള്‍ പോലും പുറത്തിവിടാത്തത്. ക്രമസമാധാന പ്രശ്‌നമല്ല, ആരോഗ്യപ്രശ്‌നമായി ഈ വിഷയത്തെ കാണണം. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും താഴേക്ക് പോയിട്ടും കേരളത്തില്‍ രോഗവ്യാപന നിരക്ക് കുറയ്ക്കാന്‍ സാധിക്കാത്തത് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 
വിരലിലെണ്ണാവുന്ന ചില ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് എല്ലാം വെച്ചുകൊടുത്തിട്ട് സര്‍ക്കാര്‍ കൈകെട്ടി നോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

മുട്ടില്‍ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധര്‍മ്മടം ബന്ധമെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ധര്‍മ്മടം ബന്ധങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ പുറത്തുവന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.