രണ്ട് പ്രതികളെ ഒഴിവാക്കി; ഒരു കിലോഗ്രാം മയക്കുമരുന്ന് മുക്കി, കൊച്ചി ലഹരിവേട്ട കേസില്‍ വന്‍ അട്ടിമറി, എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 10:54 AM  |  

Last Updated: 25th August 2021 10:54 AM  |   A+A-   |  

DRUG CASE

പ്രതീകാത്മക ചിത്രം

 

കൊച്ചി: പതിനൊന്നു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ച സംഭവം എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കും. അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. വിഷയത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേസില്‍ ഉള്‍പ്പെടേണ്ട 2 പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് മുക്കിയും കേസ് അട്ടിമറിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. പ്രതികളെ പിടികൂടിയ ഫ്‌ലാറ്റിലുണ്ടായിരുന്ന ഒരു മാന്‍കൊമ്പ്, മൊബൈല്‍ ഫോണുകള്‍, 20,000 രൂപയിലേറെ വില വരുന്ന 2 റോട്വീലര്‍ അടക്കം 4 മുന്തിയയിനം പട്ടികള്‍, കണ്ടെത്തിയ പണം എന്നിവയും മഹസറില്‍ രേഖപ്പെടുത്തിയില്ല.

ബുധനാഴ്ച പകല്‍ ഈ ഫ്‌ലാറ്റിലെ സിസിടിവി എക്‌സൈസ് സംഘം നിരീക്ഷിച്ചതിന്റെയും അവര്‍ ശേഖരിച്ച ദൃശ്യങ്ങളുടെയും വിശദാംശം സംസ്ഥാന ഇന്റലിജന്‍സിനും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും ലഭിച്ചു. എക്‌സൈസ് സ്‌ക്വാഡിലെ പ്രധാനിയും സിബിഐ അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്ത എക്‌സൈസ് ഉന്നതനും ചേര്‍ന്നാണു കോടികളുടെ കേസ് അട്ടിമറിച്ചതെന്നും ഇന്റലിജന്‍സിനു വിവരം ലഭിച്ചു.

കാക്കനാട്ടെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചു ലഹരി പാര്‍ട്ടികളും മറ്റ് ഇടപാടുകളും നടക്കുന്നതായി കേന്ദ്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു കഴിഞ്ഞയാഴ്ച രഹസ്യ വിവരം ലഭിച്ചിരുന്നു. അത് സംസ്ഥാന എക്‌സൈസിനു കൈമാറി. തുടര്‍ന്നു ബുധനാഴ്ച രാവിലെ എക്‌സൈസിലെ 2 ഉദ്യോഗസ്ഥര്‍ എത്തി ഫ്‌ലാറ്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങി.

ആദ്യം 84 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഫ്‌ലാറ്റിലുണ്ടായിരുന്ന 5 യുവാക്കളെയും 2 സ്ത്രീകളെയും പിടിച്ചു. ഇവരെ ഒറ്റയ്ക്കു ചോദ്യം ചെയ്തപ്പോള്‍ ഒരു കിലോ കൂടി തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും പിടിച്ചവരില്‍ ഒരു സ്ത്രീയാണ് മുഖ്യ സൂത്രധാരയെന്നും ഒരാള്‍ വെളിപ്പെടുത്തി. പിന്നീടാണു കേസില്‍ അട്ടിമറി നടന്നതെന്നാണ് സൂചന. 

കേസില്‍ മുഖ്യ പ്രതിയാകേണ്ട യുവതിയെ ഒഴിവാക്കാനാണ് 2 എക്‌സൈസ് ഉന്നതര്‍ ഇടപെട്ടത്. ആദ്യം പിടിച്ച 84 ഗ്രാം ലഹരിമരുന്നിന്റെ പേരില്‍ കേസെടുക്കുകയും മറ്റു തെളിവെല്ലാം മഹസറില്‍ മുക്കുകയും ചെയ്തു.