കോവിഡ് പോസിറ്റീവായി നാലാം ദിവസം സർക്കാർ ഉദ്യോ​ഗസ്ഥൻ ജോലിക്കെത്തി; പൊലീസെത്തി തിരിച്ചയച്ചു, കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 09:16 AM  |  

Last Updated: 26th August 2021 09:16 AM  |   A+A-   |  

covid positive Govt employee goes to work

ഫയല്‍ ചിത്രം

 

കൊച്ചി; കോവിഡ് പോസിറ്റീവായത് മറച്ചുവച്ച് ജോലിക്കെത്തി സർക്കാർ ഉദ്യോ​ഗസ്ഥൻ. പറവൂർ ജിഎസ്ടി ഓഫിസിലെ ടാക്സ് ഓഫിസറായ ഇഎസ് മുനീറാണ് ഓഫിസിലെത്തിയത്. തുടർന്ന് ഇ​ദ്ദേഹത്തെ പൊലീസ് എത്തി തിരിച്ചയക്കുകയായിരുന്നു. 

ഒരാഴ്ച മുൻപാണ് മുനീർ ആലുവയിൽ നിന്ന് പറവൂരിലേക്ക് സ്ഥലംമാറ്റമായത്. 20ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നു ദിവസം അവധിയെടുത്തു. കോവിഡ് നെ​ഗറ്റീവാകാതെ ബുധനാഴ്ച ജോലിക്ക് എത്തുകയായിരുന്നു. ഇത് അറിഞ്ഞാണ് പൊലീസ് ഓഫീസിൽ എത്തുന്നത്. അപ്പോൾ മാത്രമാണ് ഓഫിസിലെ സഹപ്രവർത്തകർ മുനീർ കോവിഡ് ബാധിതനാണെന്ന് അറിയുന്നത്. ഇതോടെ 16 ജീവനക്കാർ സമ്പർക്ക പട്ടികയിലുമായി. 

ബസിൽ യാത്ര ചെയ്താണ് ഇയാൾ നാട്ടിൽ നിന്ന് ഓഫിസിൽ എത്തിയത്. സമ്പർക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് താമസിക്കുന്ന സൗത്ത് വാഴക്കുളം ഉൾപ്പെടുന്ന തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. സർക്കാർ ജീവനക്കാരനായതിനാൽ റൂറൽ എസ്പി വഴി ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകി.