എസ്എസ്എല്‍സിക്കു ഗ്രേസ് മാര്‍ക്ക് ഇല്ല; സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 12:46 PM  |  

Last Updated: 26th August 2021 12:46 PM  |   A+A-   |  

SSLC has no grace marks

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഈ വര്‍ഷം എസ്എസ്എല്‍സിക്കു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്കിനു പകരം പ്ല ടു പ്രവേശനത്തിന് ബോണസ് പോയിന്റ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിദ്യാര്‍ഥികളുടെ ഹര്‍ജി കോടതി തള്ളി.

ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്‍സിസിയുടെയും സ്‌കൗട്ടിന്റെയും ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാനതല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന എസ്‌സിഇആര്‍ടി ശുപാര്‍ശ സര്‍ക്കാര്‍ തള്ളുകയായിരുന്നു. സ്‌കൗട്ട്, എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.