കൊമ്പില്‍ കോര്‍ത്തെടുത്തപ്പോള്‍ കാട്ടാനയുടെ കണ്ണില്‍ മാന്തി; സ്വന്തം ജീവന്‍ കൊടുത്ത് ഉടമയെയും കുടുംബത്തെയും രക്ഷിച്ച് ടോമി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 06:38 AM  |  

Last Updated: 26th August 2021 06:39 AM  |   A+A-   |  

tommy

tommy

 

പാലക്കാട്: വീട്ടുടമസ്ഥനെയും കുടുംബത്തെയും ഒറ്റയാനില്‍നിന്ന് രക്ഷിച്ച് വളര്‍ത്തുനായ. ടോമി എന്ന വളര്‍ത്തുനായയാണ് സ്വന്തം ജീവന്‍ നല്‍കി വീട്ടുകാരെ രക്ഷപ്പെടുത്തിയത്. കലി പൂണ്ടു പാഞ്ഞടുത്ത കാട്ടാന ടോമിയെ കൊമ്പില്‍ കോര്‍ത്തെടുത്തപ്പോഴും ആനയുടെ കണ്ണില്‍ മാന്തി നായ അഞ്ചംഗ കുടുംബത്തെ കാത്തു. 

കാന്തല്ലൂരിലാണ് വീട് ആക്രമിക്കാനെത്തിയ ഒറ്റയാനാണ് വളര്‍ത്തുനായയെ കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. വനാതിര്‍ത്തിയിലെ കൃഷികള്‍ ചവിട്ടിമെതിച്ച ശേഷം ആന സോമന്റെ പറമ്പിലേക്കു കയറാന്‍ ശ്രമിക്കവേ കമ്പിവേലിയില്‍ കുരുങ്ങി. ഇതോടെ കലിയിളകിയ ആന വേലി തകര്‍ത്ത് സോമന്റെ വീടിനുനേരെ പാഞ്ഞടുത്തു. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു. 

മുറ്റത്തെത്തിയ ഒറ്റയാന്‍ വീടിന്റെ തൂണില്‍ പിടിച്ചു. പറമ്പില്‍ കെട്ടിയിട്ട വളര്‍ത്തുനായ ടോമി ഇതോടെ തുടല്‍ പൊട്ടിച്ച് ഓടിയെത്തുകയായിരുന്നു. നായ കാലില്‍ കടിച്ചതോടെ ആനയുടെ നായയുടെ നേരെ പാഞ്ഞടുത്തു. വീണ്ടും കുരച്ചുകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച ടോമിയെ ആന കൊമ്പില്‍ കോര്‍ത്തെടുത്തു. വയറ്റില്‍ ആനക്കൊമ്പ് തുളഞ്ഞുകയറിയെങ്കിലും ആനയുടെ കണ്ണില്‍ ടോമി മാന്തി. ഇതോടെ നായയെ കുടഞ്ഞെറിഞ്ഞ് ആന സ്ഥലംവിട്ടു. സാരമായി പരിക്കേറ്റ നായ ഇന്നലെ ഉച്ചയോടെ ചത്തു.