കേരള മാതൃക തെറ്റെങ്കില്‍ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്?; കോവിഡ് പ്രതിരോധത്തില്‍ വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 11:05 AM  |  

Last Updated: 27th August 2021 11:05 AM  |   A+A-   |  

chief minister pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ്, സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. 

കോവിഡ് പ്രതിരോധത്തില്‍ കേരളം പിന്തുടര്‍ന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളം ഒരു തുളളി വാക്‌സിന്‍ പോലും നഷ്ടപ്പെടുത്തിയിട്ടുമില്ല. തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.

അനാവശ്യ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. 'കേരളത്തില്‍, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും  കേരളത്തില്‍ രോഗബാധയേല്‍ക്കാന്‍ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവര്‍ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല  വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ വന്‍നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത്. രോഗം വലിയ രീതിയില്‍ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് കേരളം. മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ വാക്‌സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും, അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.' മുഖ്യമന്ത്രി എഴുതുന്നു.