നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു; നൂറിലധികം പേര്‍ക്ക് വൈറസ് ബാധ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 07:00 PM  |  

Last Updated: 27th August 2021 07:00 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്.  രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാനും കാരണമെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണെന്നും അസോസിയേഷന്‍ പറയുന്നു.