രണ്ടാം പിണറായി സർക്കാരിന് ഇന്ന് 100-ാം ദിവസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 07:58 AM  |  

Last Updated: 27th August 2021 07:58 AM  |   A+A-   |  

cm pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 100-ാം ദിവസം. മേയ് 20നാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. 100 ദിവസം പൂർത്തിയാക്കുന്നത് പ്രമാണിച്ച് സർക്കാരിന്റെ 100 ദിന കർമ പദ്ധതികൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. 

ജൂൺ 11നാണു മുഖ്യമന്ത്രി 100 ദിന പദ്ധതി പ്രഖ്യാപിച്ചത്. ജൂൺ 11 മുതൽ സെപ്തംബർ 19 വരെ നടപ്പാക്കാനുദ്ദേശിച്ച് 193 പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 35 എണ്ണം പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. 115 പദ്ധതികൾ സെപ്റ്റംബർ 19നകം പൂർത്തിയാക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

നൂറു ദിന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്.  20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിൻറെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ 1000 ൽ അഞ്ച് പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളിൽ സൃഷ്ടിക്കുന്നത്.   

കെഎസ്ഐഡിസി വഴി മടങ്ങിവന്ന പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും.  ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിനായി 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.  സംസ്ഥാന വിഹിതം കൂടി ചേർത്ത് ആർ കെ ഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും. ഇതിൽനിന്ന് വരുന്ന നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ 9 റോഡ് പ്രവർത്തികൾ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളിൽ 1519.57 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികൾ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും എന്നിങ്ങനെ നീളുന്നതാണ് പ്രഖ്യാപനങ്ങൾ.