കെ ബാബുവിന്റെ കാറിൽ ടോൾ ബാർ വീണു, ജീവനക്കാർ മോശമായി സംസാരിച്ചെന്ന് എംഎൽഎ; ടോൾ പ്ലാസയിൽ സംഘർഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 08:46 AM  |  

Last Updated: 27th August 2021 08:47 AM  |   A+A-   |  

Toll bar falls on K Babu's car

ഫയല്‍ ചിത്രം

 

കൊച്ചി; കെ ബാബു എംഎൽഎയുടെ വാഹനത്തിൽ ടോൾ ബാർ വീണ് കേടുപാടുണ്ടായതിനെ തുടർന്ന് സംഘർഷം. കുമ്പളം ടോൾ പ്ലാസയിലാണ് സംഭവമുണ്ടായത്. എംഎൽഎ ബോർഡ് വച്ച വാഹനമായിട്ടും ടോൾ ജീവനക്കാർ തടയുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് ടോൾ പ്ലാസയിൽ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. 

ഇടക്കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എംഎൽഎ. മുന്നിലെ വാഹനം കടന്നു പോയപ്പോൾ ഉയർന്ന ടോൾ ബാർ എംഎൽഎയുടെ വാഹനം എത്തിയതോടെ താഴ്ന്നു. വാഹനത്തിൽ തട്ടിയ ടോൾ ബാർ വളഞ്ഞു. ഡ്രൈവറുടെ വശത്തെ കണ്ണാടിക്കും മുൻഭാഗത്തും കേടുപറ്റി. തുടർന്ന് വാഹനം ഒതുക്കി നിർത്തി നിർത്തി മുക്കാൽ മണിക്കൂറോളം ടോൾ കമ്പനിയുടെ അധികൃതർക്കായി എംഎൽഎ കാത്തുനിന്നു. എന്നാൽ ആരും എത്തിയില്ല.

ഇതര സംസ്ഥാന ജീവനക്കാർ മോശമായി സംസാരിച്ചതായും തെറ്റ് സമ്മതിക്കാൻ പോലും തയാറായില്ലെന്നും എംഎൽഎ പറഞ്ഞു. ഇതോടെയാണ് സംഘർഷത്തിന് കാരണമായത്. ടോൾ ഗേറ്റ് തുറന്നു കൊടുത്ത് അര മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടു. കുറ്റക്കാർക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് സമരക്കാർ പിൻവാങ്ങിയത്. ടോൾ ബാറിന്റെ സെൻസർ തകരാറാണ് കാരണമെന്ന് ടോൾ കമ്പനി അധികൃതർ പറഞ്ഞു. മോശമായി പെരുമാറിയ ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി.