കാക്കനാട് ലഹരിമരുന്ന് കേസ്; എക്‌സൈസ് വിട്ടയച്ച യുവതി അറസ്റ്റില്‍; എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘമെന്ന് കണ്ടെത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 03:11 PM  |  

Last Updated: 28th August 2021 03:11 PM  |   A+A-   |  

excise

excise


കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്‌സൈസ് പ്രതി ചേര്‍ക്കാതെ വിട്ടയച്ച യുവതി അറസ്റ്റില്‍.തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 

കേസ് അട്ടിമറിക്കാന്‍ എക്‌സൈസ് ഉദ്യഗോസ്ഥര്‍ ശ്രമിച്ചെന്ന ആരോപണം എക്‌സൈസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. മതിയായ പരിശോധനകളില്ലാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ടുപേരില്‍ ഒരാളാണ് ത്വയ്ബ. 

സംഭവം വിവാദമായതിന് പിന്നാലെ, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ശങ്കറിനെ സസ്‌പെന്റ് ചെയ്തിരുന്നു. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്. മതിയായ പരിശോധനകള്‍ ഇല്ലാതെ രണ്ട് പേരെ വെറുതെ വിട്ടതാണ് ഇതില്‍ പ്രധാനം. മഹസര്‍ തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ് മഹസറില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. മേലുദ്യോഗസ്ഥരുമായി സംസാരിക്കാതെയാണ് മഹസര്‍ തയ്യാറാക്കിയത്. കേസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രതികളില്‍ നിന്ന്പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈല്‍ എന്നിവ കൃത്യമായി പരിശോധിച്ചില്ല. തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചു. അങ്ങനെ കേസിന്റെ എല്ലാ തലങ്ങളിലും ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും കസ്റ്റംസും ചേര്‍ന്നാണ് കാക്കനാട് നിന്ന് ലഹരിമരുന്ന് പിടിച്ചത്. തുടര്‍ന്ന് ജില്ലാ എക്സൈസ് നര്‍ക്കോട്ടിക്സ് വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതെന്നാണ് ആരോപണം.