ബാൽക്കണിയിൽ കുടുങ്ങിയ ​ഗർഭിണിപ്പൂച്ചയെ രക്ഷിച്ചു, മലയാളികൾക്ക് പത്ത് ലക്ഷം വീതം സമ്മാനം-വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 08:20 AM  |  

Last Updated: 28th August 2021 08:30 AM  |   A+A-   |  

cat_rescue in dubai

വിഡിയോ സ്ക്രീൻഷോട്ട്

 

ദുബായ്; കെട്ടിടത്തിനു മുകളിൽ കുടുങ്ങിപ്പോയ ​ഗർഭിണിപ്പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പടെയുള്ളവർക്ക് സമ്മാനവുമായി ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് സമ്മാനമായി നൽകിയത്. രണ്ടു മലയാളികൾ അടക്കം നാലു പേർക്കാണ് രക്ഷാപ്രവർത്തനത്തിന് സമ്മാനം ലഭിച്ചത്. 

പൂച്ചയെ രക്ഷിക്കുന്നതിന്റെ വിഡിയോ വൈറലായതോടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇവർക്ക് പത്ത് ലക്ഷം വീതം സമ്മാനിക്കുകയായിരുന്നു. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമം​ഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് എന്നിവർക്കാണ് സമ്മാനം കിട്ടിയത്.

ഇവരെ കൂടാതെ മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരും പാരിതോഷികത്തിന് അർഹരായി. ഭരണാധികാരിയുടെ ഓഫിസിൽ നിന്നെത്തിയ ഉദ്യോ​ഗസ്ഥർ നേരിട്ടെത്തി ഇവർക്ക് സമ്മാനത്തുക നൽകുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നുതിരിയാൻ സ്ഥലമില്ലാത്ത ബാൽക്കണിയിലാണ് ​ഗർഭിണിപ്പൂച്ച കുടുങ്ങിയത്. പുതപ്പു വിരിച്ചുപിടിച്ച് അതിലേക്ക് പൂച്ചയെ ചാടിച്ചാണ് രക്ഷപ്പെടുത്തിയത്. വിഡിയോ വൈറലായതോടെ ദുബായ് ഭരണാധികാരി അഭിനന്ദിച്ചുകൊണ്ട് വിഡിയോ ട്വീറ്റ് ചെയ്തിരുന്നു.