ട്രെയിനിന്റെ ശുചിമുറിയിൽ കയറി കൈഞരമ്പ് മുറിച്ചു, ജനലിലൂടെ കണ്ടത് വീണുകിടക്കുന്നത്; വാതിൽ ചവിട്ടിത്തുറന്ന് രക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 09:01 AM  |  

Last Updated: 28th August 2021 09:01 AM  |   A+A-   |  

suicide attempt in train toilet

പ്രതീകാത്മക ചിത്രം

 

കോട്ടയം; ട്രെയിനിലെ ശുചിമുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചയാളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കോതമംഗലം സ്വദേശിയായ 46 കാരൻ ട്രെയിനിന്റെ ശുചിമുറിയിൽ കയറി കുറ്റിയിട്ട ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 

മറ്റൊരു യാത്രക്കാരൻ ശുചിമുറിയുടെ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ സംരക്ഷണ സേന എഎസ്ഐ കെ.എസ്.മണികണ്ഠനെ വിവരം അറിയിച്ചു. ജനലിലൂടെ നോക്കിയപ്പോൾ അകത്ത് ഒരാൾ കിടക്കുന്നതായി കണ്ടു. തുടർന്ന് ശുചിമുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇയാളെ പുറത്തെടുക്കുകയായിരുന്നു. 

അപ്പോഴേക്കും ട്രെയിൻ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. അബോധാവസ്ഥയിൽ ആയിരുന്ന ഇയാളെയുമായി മണികണ്ഠനും കോൺസ്റ്റബിൾ സി.ആർ.രാജനും ചങ്ങനാശേരി സ്റ്റേഷനിൽ ഇറങ്ങി ജനറൽ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെ വിവരം അറിയിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.