ആനയെ തിന്നാന്‍ കടുവകള്‍ തമ്മില്‍ പോരാട്ടം?; പെണ്‍ കടുവ ചത്തത് ആനയുമായുള്ള ഏറ്റുമുട്ടലില്‍ അല്ലെന്ന് വനംവകുപ്പ്

കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
കാട്ടില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം
കാട്ടില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം

കൊച്ചി: പൂയംകുട്ടി വനത്തില്‍ ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയ പ്രദേശത്തു രണ്ടാമതൊരു കടുവയുടെ സാന്നിധ്യം. കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സംഘത്തിലെ ഒരാള്‍ പറയുന്നു.  പെണ്‍ കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു. ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന.  എന്നാല്‍, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നും നടപടികള്‍ക്കു നേതൃത്വം നല്‍കിയ മലയാറ്റൂര്‍ ഡിഎഫ്ഒ രവികുമാര്‍ മീണ പറഞ്ഞു.

ചത്ത ആന 7 വയസ്സുള്ള കൊമ്പനാണ്. ഇതു ചത്തതു രോഗം മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേ വ്യക്തമാകൂ. സംഭവത്തിനു പിന്നില്‍ മൃഗവേട്ടക്കാരുടെ ഇടപെടലില്ലെന്നും കടുവയും ആനയും തമ്മില്‍ ഏറ്റുമുട്ടി ചത്തതല്ലെന്നും വനംവകുപ്പ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com