കായംകുളത്ത് മോഷണം; വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണം കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 08:23 PM  |  

Last Updated: 29th August 2021 08:23 PM  |   A+A-   |  

robery

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണം കവർന്നു. കായംകുളം കുന്നതാലുംമൂട് കല്ലറക്കൽ ബാബുവിന്റെ അടച്ചിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. ബാബുവും ഭാര്യ പൊന്നമ്മയും സ്ഥലത്തിലാത്ത സമയത്താണ് മോഷണം നടന്നത്. ഇരുവരും ഹൈദരാബാദിലുള്ള മകന്റെ ജോലി സ്ഥലത്ത് ആയിരുന്നു. 

കഴിഞ്ഞ ദിവസം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയതായും മനസിലാക്കി. 

കായംകുളം സിഐ മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വതിൽ പൊലീസ് അന്വഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കായംകുളം നഗരത്തിലെ പല ഭാഗങ്ങളിലും രാത്രി കാലത്ത് പതിവായി മോഷണം നടക്കുന്നത് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും മോഷ്ടാക്കളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആൾ താമസമില്ലാത്ത വീടുകളിലാണ് കൂടുതൽ മോഷണവും നടന്നത്.