കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്; ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 10:08 AM  |  

Last Updated: 29th August 2021 10:08 AM  |   A+A-   |  

congress restructuring

ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തുന്നടിച്ചു. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കൂടിയാലോചന നടന്നില്ല. നടന്നിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. മുന്‍പെല്ലാം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയാണ് പുനഃസംഘടന നടത്തിയത്.എല്ലാം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഡിസിസി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു. ഇടുക്കിയില്‍ സി പി മാത്യുവിന്റെ പേര് നിര്‍ദേശിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വേണ്ട പോലെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഒഴിവാക്കാമായിരുന്നു. സ്ഥാനം കിട്ടുമ്പോള്‍ മാത്രം ഗ്രൂപ്പില്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. തര്‍ക്കങ്ങള്‍ കൂടിയോലോചിച്ച് പരിഹരിക്കണമായിരുന്നുവെന്നും ഭരണഘടനാപരമായി മാത്രമേ കെപിസിസി പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കാവൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.